കൊല്ലം ശക്തികുളങ്ങര ആൽത്തറമൂട്ടിൽ പ്രവർത്തിച്ചുവരികയും കഴിഞ്ഞ കുറച്ച് നാളുകളായി അടഞ്ഞുകിടക്കുകയും ചെയ്തിരുന്ന ഹോൾസെയിൽ മത്സ്യവിൽപനകട കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തിൽ ഒരാളെ ശക്തികുളങ്ങര പോലീസ് അറസ്റ്റ് ചെയ്തു
കൊല്ലം വെസ്റ്റ് വില്ലേജിൽ പള്ളിത്തോട്ടം H&C കോമ്പൗണ്ടിൽ ഇസ്മായിൽ മകൻ സിയാദ്(42) ആണ് പോലീസിന്റെ പിടിയിലായത്. ആലാട്ടുകാവ് നഗർ 27-ൽ ബിജു(45) എന്നയാളുടെ ഉടമസ്ഥതയിലുള്ള കടയുടെ ഷീറ്റ് മുറിച്ച് അകത്ത് കടന്ന പ്രതി കടയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന വയറിംഗ് കേബിളുകൾ, സീലിംഗ് ഫാൻ, ടേബിൾ ഫാൻ, അലുമിനിയം ചരുവങ്ങൾ, സ്റ്റീൽ പാത്രങ്ങൾ എന്നിവ മോഷ്ടിച്ച് കടത്തിക്കൊണ്ടുപോവുകയായിരുന്നു. സംഭവത്തിൽ ഏകദേശം 80,000 രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ശക്തികുളങ്ങര പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയാണ്. ശക്തികുളങ്ങര ഇൻസ്‌പെക്ടർ പ്രസാദിന്റെ നേതൃത്വത്തിൽ എസ്.ഐ റസൽ ജോർജ്ജ്, എസ്.സി.പി.ഓ അഖിൽ രാജ്, സി.പി.ഓ മാരായ മനു, അരുൺ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.





