തിരുവനന്തപുരം, വർക്കല കരുനിലക്കോട് റിജേഷ് @ പാച്ചൻ വധക്കേസിൽ കുറ്റം ചാർത്തിയ പ്രതികളെ തിരുവനന്തപുരം ജില്ലാ അഡീഷണൽ സെഷൻസ് കോടതി വെറുതെ വിട്ടു. അഡീഷണൽ സെഷൻസ് ജഡ്ജി ശ്രീമതി അനീറ്റ് ജോസഫാണ് ഇന്ന് വിധി പ്രസ്താവിച്ചത്.
2012 ജൂലൈ 24-ന് ഇടവ കരുനിലക്കോട് കുരുവിക്കടവിൽ നടന്ന ആക്രമണത്തിലാണ് കരുനിലക്കോട് സ്വദേശി റിജേഷ് എന്ന പാച്ചൻ മരണപ്പെട്ടത്. സംഭവത്തെ തുടർന്ന് അയിരൂർ പോലീസ് സ്റ്റേഷനിൽ Crime No. 68/2012 ആയി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയും, കുരുവിക്കടവ് സ്വദേശികളായ അയ്യപ്പൻ എന്ന ഹേമചന്ദ്രൻ നായർ, പ്രസാദ്, രാജീവ്, സന്തോഷ് കുമാർ, കുമാരൻ, ജയചന്ദ്രൻ നായർ എന്നിവരെ പ്രതികളാക്കി കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.
ടി പ്രതികളെയാണ് കോടതി ഇന്ന് വെറുതെ വിട്ടത്. പ്രതികൾക്കുവേണ്ടി സീനിയർ അഡ്വ. ശാസ്തമംഗലം അജിത്ത്, അഡ്വ. F. നഹാസ്(വർക്കല ), അഡ്വ. എം. എം. ഫാത്തിമ(വർക്കല) എന്നിവർ ഹാജരായി. പാച്ചന്റെ നേതൃത്വത്തിലുള്ള സംഘം കുരുവിക്കടവിലെത്തി ആക്രമണം നടത്തിയ സാഹചര്യത്തിലാണ് പാച്ചൻ കൊല്ലപ്പെട്ടു എന്നാണ് കേസ്. പാച്ചനോടൊപ്പം ഉണ്ടായിരുന്നവരും അന്വേഷണ ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ള സാക്ഷികൾ പ്രതികൾക്കെതിരെ മൊഴി നൽകിയിരുന്നുവെങ്കിലും, പ്രസ്തുത മൊഴികൾ കുറ്റം തെളിയിക്കുന്നതിന് പര്യാപ്തമാണെന്ന് കോടതി കണ്ടെത്തിയില്ല.

കേസിന്റെ ആദ്യഘട്ടത്തിൽ തന്നെ ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയിൽ നിന്നും പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിച്ചതും ഈ കേസിന്റെ ശ്രദ്ധേയമായ പ്രത്യേകതകളിലൊന്നായിരുന്നു.




