കണ്ണൂർ: പറശിനിക്കടവിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയ സ്ത്രീയുടെ ഒപ്പമുണ്ടായിരുന്ന ആളെയും മരിച്ച നിലയിൽ കണ്ടെത്തി. കണ്ണപുരം അയ്യോത്തെ കടേൽപറമ്പിൽ വീട്ടിൽ കെ പി വിജയനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ അയൽവാസിയായ സീമക്ക് (50) ഒപ്പം വിജയൻ പറശിനിക്കടവിലെ ലോഡ്ജില്‍ മുറിയെടുത്തിരുന്നു.
രാത്രിയില്‍ സീമയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ലോഡ്ജിൽ നിന്ന് രക്ഷപ്പെട്ട വിജയന് വേണ്ടിയുള്ള തിരച്ചലിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മാട്ടൂലിൽ യുപി സ്കൂളിന് സമീപത്താണ് വിജയനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
വൈകുന്നേരം ലോഡ്ജ് മുറി പൂട്ടി പോയ വിജയൻ മടങ്ങിയെത്താത്തിനെ തുടർന്ന് ലോഡ്ജ് അധികൃതർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പിന്നീടാണ് സീമയെ മരിച്ച നിലയിൽ കണ്ടെത്തിയത്. നേരത്തെയും ഇരുവരും ഈ ലോഡ്ജിൽ മുറിയെടുത്തിരുന്നുവെന്ന് ലോഡ്ജ് അധികൃതർ പോലീസിനോട് പറഞ്ഞു

വിശദമായ റിപ്പോര്‍ട്ടിന് ശേഷം മാത്രമേ സീമയുടെ മരണങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പറയാനാവൂവെന്ന് പോലീസ് പറഞ്ഞു. സീമയും, വിജയനും നേരത്തെ സൗഹൃദമുണ്ടായിരുന്നുവെന്നാണ് പോലിസിന് ലഭിച്ച വിവരം. വീട്ടുകാരിൽ നിന്നും, ബന്ധുക്കളിൽ നിന്നും അയൽവാസികളിൽ നിന്നും മൊഴിയെടുത്ത് വരികയാണ്. മുട്ടിൽ സ്വദേശിനിയായ സീമയുടെ ഭർത്താവ് സുരേഷ് രണ്ട് വർഷം മുമ്പാണ് മരിച്ചത്. ഇവർക്ക് 2 മക്കളുണ്ട്.




