കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് നഗ്നതാ പ്രദർശനം നടത്തിയ യുവാവ് പോലീസിന്റെ പിടിയിലായി. ചന്ദനത്തോപ്പ് കുഴിയം ഹരീഷ് ഭവനിൽ സുരേഷ് മകൻ ഹരീഷ്(30) ആണ് കിളികൊല്ലൂർ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം വൈകിട്ട് പെൺകുട്ടിയും സുഹൃത്തും ട്യൂഷന് പോകാനായി രണ്ടാംകുറ്റി കെ.സി മുക്കിന് സമീപത്ത് എത്തിയപ്പോൾ ഇയാൾ വഴിചോദിക്കാനെന്ന വ്യാജേന പെൺകുട്ടിയെ സമീപിക്കുകയും പിന്നീട് നഗ്നതാ പ്രദർശനം നടത്തുകയും ചെയ്യ്തു. അടുത്ത ദിവസവും ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി കെ.സി മുക്കിൽ എത്തിയ പെൺകുട്ടികളെ ഇയാൾ ദുരുദ്ദേശത്തോടെ സമീപിച്ചതിനെ തുടർന്ന് ഇയാൾക്കെതിരെ കിളികൊല്ലൂർ പോലിസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
ലൈംഗിക ഉദ്ദേശത്തോടെ പെൺകുട്ടികളെ സമീപിച്ച് നഗ്നതാ പ്രദർശനം നടത്തിയതിന് ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യ്ത് പിടികൂടുകയായിരുന്നു. കിളികൊല്ലൂർ പോലീസ് ഇൻസ്പെക്ടർ തോമസിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ വൈശാഖ്, നിസാമുദ്ദിൻ, സന്തോഷ്, സി.പി.ഓ ബിന്ദുമോൾ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.