തിരുവനന്തപുരം: വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് 23 വർഷം കഠിനതടവും പിഴയും വിധിച്ച് കോടതി.2016ൽ വക്കം യൂനുസ് മുക്കിന് സമീപം സാജൻ നിവാസിൽ ഷാജഹാന്റെ ഭാര്യ ഷാഹിനയെ വീട്ടിൽ അതിക്രമിച്ചു കയറി കുത്തി കൊലപ്പെടുത്തുകയും ഷാഹിനയുടെ മരുമകളെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ വർക്കല വെട്ടൂർ റാത്തിക്കൽ ദാറുൽ സലാം വീട്ടിൽ ബദറുദ്ദീൻ മകൻ 44 വയസ്സുള്ള നാസിമുദ്ദീനെയാണ് തിരുവനന്തപുരം അഡിഷണൽ സെക്ഷൻ കോടതി ശിക്ഷിച്ചത്.
അഡീഷണൽ സെക്ഷൻസ് കോടതി VIIലെ ജഡ്ജ് പ്രസൂൻ മോഹനാണ് വിധി പ്രസ്താവിച്ചത്. കൊല്ലപ്പെട്ട ഷാഹിനയുടെ മരുമകൾ ജെസ്സിയയുടെ സഹോദരി ഭർത്താവാണ് പ്രതി നാസിമുദ്ദീൻ. ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്നു നാസിമുദ്ദീൻ ഇതിൻ്റെ വിരോധത്താൽ ഷാഹിനയുടെ വീട്ടിലെത്തി ജസിയയെ ആക്രമിക്കുകയും ഇതു തടയാൻ ശ്രമിച്ച ഷാഹിനയെ കുത്തി കൊലപ്പെടുത്തുകയും ആയിരുന്നു.
കടയ്ക്കാവൂർ സർക്കിൾ ഇൻസ്പെക്ടർ ജി.ബി മുകേഷ് മികവുറ്റ രീതിയിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിയ്ക്കുകയും ,ചാർജ് ചെയ്ത എല്ലാ കുറ്റങ്ങളും തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കുകയും ചെയ്തു. അഡ്വക്കേറ്റ് കെ വേണി പ്രോസിക്യൂഷന് വേണ്ടി ഹാജരായ കേസിൽ മികച്ച അന്വേഷണം നടത്തിയ ഇൻവെസ്റ്റിഗേഷൻ ടീമിനെ കോടതി അഭിനന്ദിച്ചു