കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ രാജിവച്ചു. കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പോലീസ് ദിവ്യയെ പ്രതിചേർത്ത് കേസെടുത്തിരുന്നു. ഇതേ തുടർന്ന് രാജിവെക്കാൻ സിപിഎം ജില്ലാ നേതൃത്തം ദിവ്യയോട് നിർദ്ദേശിച്ചതിൻ്റെ അടിസ്ഥാനത്തിൽ രാജി വയ്ക്കുകയുമായിരുന്നു.
കണ്ണൂർ കളക്ടറേറ്റിൽ എഡിഎമ്മിന് യാത്ര അയപ്പ് നൽകുന്ന ചടങ്ങിൽ പ്രസംഗിച്ചത് സദുദ്ദേശത്തോടുകൂടിയുള്ള വിമർശനം ആണെന്നും, എഡിഎമ്മിന്റെ മരണത്തിൽ അങ്ങേയറ്റം വേദനയുണ്ടെന്നും പോലീസ് അന്വേഷണവുമായി സഹകരിച്ച് നിരപരാധിത്വം തെളിയിക്കുമെന്നും പി.പിദിവ്യ സോഷ്യൽ മീഡിയയിൽ കുറിച്ചു.സിപിഎം പത്തനംതിട്ട, കണ്ണൂർ ജില്ലാ കമ്മിറ്റികളിൽ ദിവ്യക്കെതിരെ ശബ്ദമുയർന്നതോടെ ദിവ്യയുടെ രാജി ആവശ്യപ്പെടാൻ മുഖ്യമന്ത്രി ജില്ലാ സെക്രട്ടറിയേറ്റിന് നിർദ്ദേശം നൽകുകയായിരുന്നു. പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ അഡ്വക്കേറ്റ് രത്നകുമാരി എത്തും