നരേന്ദ്ര മോദി സര്‍ക്കാര്‍ ശനിയാഴ്ച്ച സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ബിജെപി എംപിമാരോട് ഇന്ന് വൈകീട്ട് ഡല്‍ഹിയിലെത്താന്‍ നിര്‍ദേശം നല്‍കി കേന്ദ്രനേതൃത്വം. നാളെ എന്‍ഡിഎ എംപിമാരുടെ യോഗത്തിന് ശേഷം നരേന്ദ്ര മോദി രാഷ്ട്രപതിയെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കും. എന്‍ഡിഎ എംപിമാരുടെ യോഗം ചേര്‍ന്ന് നാളെ നരേന്ദ്ര മോദിയെ പാര്‍ലമെന്റിലെ നേതാവായി തിരഞ്ഞെടുക്കും.
ആഭ്യന്തരം, ധനം, റെയില്‍വേ, വിദേശകാര്യം, നിയമം, ഐടി, പ്രതിരോധം എന്നിവ ബിജെപി തന്നെ കൈവശം വയ്ക്കണമെന്ന നരേന്ദ്രമോദിയുടെ താല്‍പര്യത്തെ തുടര്‍ന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഢ, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ് എന്നിവര്‍ ഘടകകക്ഷി നേതാക്കളുമായുള്ള ചര്‍ച്ച നടത്തുന്നതായി റിപ്പോര്‍ട്ട്.
മോദിക്ക് പിന്തുണ ഉറപ്പിച്ചെങ്കിലും സഖ്യകക്ഷികള്‍ ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ തീരുമാനമെടുക്കുന്നത് ബിജെപിക്ക് വലിയ തലവേദനയാകുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. നാല് മന്ത്രിമാര്‍ വേണമെന്നാണ് ജെഡിയു നിര്‍ദ്ദേശിച്ചത്. ആറു മന്ത്രിമാരെ നല്കണം എന്ന നിര്‍ദ്ദേശമാണ് ചന്ദ്രബാബു നായിഡു മുന്നോട്ട് വെച്ചിരിക്കുന്നത്. അതേസമയം സ്പീക്കര്‍ സ്ഥാനം ചോദിക്കുന്ന ടിഡിപിക്ക് മന്ത്രിസഭയില്‍ രണ്ട് പ്രധാന വകുപ്പുകള്‍ നല്കി അനുനയിപ്പിക്കാനാണ് ബിജെപി നീക്കം. ഇതിനിടെ, ജാതി സെന്‍സസ് നടപ്പാക്കണമെന്നും അഗ്‌നിവീര്‍ പദ്ധതി നിര്‍ത്തലാക്കണമെന്നും നിര്‍ദ്ദേശിച്ച് ജെഡിയു സമ്മര്‍ദ്ദം ശക്തമാക്കി.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവായേക്കും. പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണമെന്ന് കോണ്‍ഗ്രസും ഇന്ത്യ സഖ്യത്തിലെ ചില പാര്‍ട്ടികളും രാഹുലിനോടാവശ്യപ്പെട്ടു. 2019 ലെ 52 സീറ്റില്‍ നിന്ന് കോണ്‍ഗ്രസിനെ ഇക്കുറി 99 ലെത്തിച്ചതില്‍ രാഹുലിന്റെ പങ്ക് വലുതാണ്. തിരഞ്ഞെടുപ്പ് പ്രചാരണ റാലികളിലെ പ്രകടനവും ഭാരത് ജോഡോ യാത്രയും രാഹുലിന്റെ പ്രതിച്ഛായ ഉയര്‍ത്തിയെന്നാണ് വിലയിരുത്തല്‍.
സുരേഷ് ഗോപിയെ ദില്ലിയിലേക്ക് വിളിപ്പിച്ച് കേന്ദ്ര നേതൃത്വം. ഇന്ന് വൈകിട്ട് ദില്ലിയില്‍ എത്തുമെന്ന് സുരേഷ് ഗോപി പറഞ്ഞു. നരേന്ദ്ര മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമ്പോള്‍ മന്ത്രിസഭയില്‍ സുരേഷ് ഗോപിയുണ്ടാകുമോയെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കേന്ദ്ര നേതൃത്വം ദില്ലിയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്.
കൊച്ചി മെട്രോ തൃശ്ശൂരിലേക്ക് നീട്ടാന്‍ ശ്രമം നടത്തുമെന്ന് നിയുക്ത എം.പി സുരേഷ് ഗോപി. തൃശ്ശൂര്‍ പൂരം നടത്തുന്നതിന് പുതിയ മാര്‍ഗനിര്‍ദേശങ്ങളുണ്ടാകുമെന്നും മണ്ണുത്തിയില്‍ നിന്ന് ചങ്ങരംകുളം അല്ലെങ്കില്‍ പൊന്നാനി റൂട്ടിലേക്ക് ബന്ധിപ്പിക്കുന്ന ഒരു ക്രോസ് കട്ട് റോഡ് എന്നത് സ്വപ്നപദ്ധതിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
രാഹുല്‍ ഗാന്ധി വയനാട് സീറ്റ് ഒഴിഞ്ഞാല്‍ അവിടെ കോണ്‍ഗ്രസ് തന്നെ മത്സരിക്കുമെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയോ കെ മുരളീധരനോ ആര് വന്നാലും ഇപ്പോഴത്തെ ഭൂരിപക്ഷം കിട്ടും. മുരളീധരന്‍ വയനാട്ടില്‍ മത്സരിച്ചാലും അനുകൂലമായിരിക്കുമെന്നും കരുണാകരന്റെ മകന്‍ എവിടെയും ഫിറ്റാണെന്നും അദ്ദേഹം പറഞ്ഞു.
കെ.മുരളീധരനുമായി ഇന്ന് കൂടിക്കാഴ്ച്ചയില്ലെന്നും രാഹുല്‍ ഗാന്ധിയുടെ തീരുമാനം വന്നാലെ വയനാട്ടില്‍ മത്സരിപ്പിക്കുമോ എന്നുള്ള ചര്‍ച്ചയ്ക്ക് പ്രസക്തിയുള്ളൂവെന്നും കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. കെ മുരളീധരന്‍ എവിടെ മത്സരിക്കാനും യോഗ്യനാണെന്നും ഏതു സ്ഥാനത്തിനും ഫിറ്റാണെന്നും തനിക്ക് ഒറ്റയ്ക്ക് തീരുമാനം എടുക്കാന്‍ പറ്റില്ലെങ്കിലും വേണമെന്നുണ്ടെങ്കില്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം നല്‍കാനും തയ്യാറാണെന്നും സുധാകരന്‍ പറഞ്ഞു.
ബംഗാളില്‍ 34 വര്‍ഷത്തെ തുടര്‍ ഭരണത്തില്‍ സംഭവിച്ചതു പോലെ കേരളത്തില്‍ 10 വര്‍ഷത്തെ തുടര്‍ ഭരണത്തോടെ സി.പി.എമ്മിന്റെ ശവക്കുഴി തോണ്ടുമെന്ന് കെ.പി.സി.സി. മാധ്യമ സമിതി അധ്യക്ഷന്‍ ചെറിയാന്‍ ഫിലിപ്പ്. ബംഗാളിലെ ബുദ്ധദേവ് ഭട്ടാചാര്യയെ പോലെ കേരളത്തില്‍ പിണറായി വിജയന്‍ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകും. ഇന്ത്യയിലെ ഏക കമ്മ്യൂണിസ്റ്റ് തുരുത്തായ കേരളം അപ്രത്യക്ഷമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുസ്ലിം ലീഗ് എന്‍ഡിഎയുടെ ഭാഗമാകണമെന്ന് മലപ്പുറത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡോ.അബ്ദുള്‍ സലാം. എങ്കിലേ മലപ്പുറത്തു വികസനം വരൂ. മുസ്ലിങ്ങളെ ബിജെപി ശത്രുക്കളായി ട്രീറ്റ് ചെയ്തിട്ടില്ല. മുസ്ലിം ലീഗിനെ എന്‍ഡിഎ യില്‍ കൊണ്ടു വരണം എന്ന ആവശ്യം പാര്‍ട്ടിയില്‍ ഉന്നയിക്കും. പോസിറ്റീവ് ആയ ഫലം ഉണ്ടാകും. ലീഗിന് ഒരു മന്ത്രി സ്ഥാനവും കിട്ടും. ഇത് മലപ്പുറത്തെ ജനങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
◾ മലയാളം സംസാരിക്കാന്‍ അറിയാത്തതും ജനബന്ധം ഇല്ലാത്തതുമാണ് അനില്‍ ആന്റണിക്ക് പത്തനംതിട്ടയില്‍ തിരിച്ചടി ആയെന്ന് പിസി ജോര്‍ജ്. ക്രൈസ്തവര്‍ക്കിടയില്‍ ഉണ്ടായ ബിജെപി തരംഗത്തെ പത്തനംതിട്ടയില്‍ ഉപയോഗിക്കാന്‍ അനിലിന് കഴിഞ്ഞില്ലെന്നും അനിലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എന്തെങ്കിലും അഭിപ്രായ ഭിന്നതയുണ്ടെങ്കിലും അത് മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ പറയില്ലെന്നും പിസി ജോര്‍ജ് വ്യക്തമാക്കി.
വിവാദ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട് സിപിഎം പത്തനംതിട്ട ഏരിയ കമ്മിറ്റി അംഗത്തിനെതിരെ നടപടി വന്നേക്കും. രാജു എബ്രഹാമിനെ മത്സരിപ്പിക്കുന്നതായിരുന്നു ഉചിതമെന്ന് സൂചിപ്പിക്കുന്ന പോസ്റ്റാണ് ഏരിയ കമ്മിറ്റി അംഗം അന്‍സാരി അസീസ് ഫേസ്ബുക്കിലിട്ടത്. സംസ്ഥാന കമ്മിറ്റി അംഗം രാജു എബ്രഹാമിന്റെ ചിത്രം വെച്ചാണ് ഏരിയ കമ്മിറ്റി അംഗമായ അന്‍സാരി അസീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പത്തനംതിട്ടയില്‍ 66,119 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്ററണി വിജയം നേടിയത്.
പന്നിയങ്കര ടോള്‍ പ്ലാസയില്‍ സ്‌കൂള്‍ വാഹനങ്ങളില്‍ നിന്ന് ടോള്‍ പിരിക്കരുതെന്ന് സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായി. പ്രദേശവാസികളില്‍ നിന്ന് ടോള്‍ പിരിക്കാനുള്ള നടപടിയും പിന്‍വലിച്ചു. ഈ മാസം ഒന്ന് മുതല്‍ പ്രദേശവാസികള്‍, സ്‌കൂള്‍ വാഹനങ്ങള്‍ എന്നിവര്‍ ടോള്‍ നല്‍കണമെന്ന് ടോള്‍ കമ്പനി അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ നാട്ടുകാര്‍ വലിയ രീതിയിലുള്ള പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കുകയായിരുന്നു.