കിളിമാനൂർ നഗരൂർ ഗ്രാമപ്പഞ്ചായത്തിലെ വൈസ് പ്രസിഡൻ്റ് അബി ശ്രീരാജിനെ അവിശ്വാസത്തിലൂടെ പുറത്താക്കി.ഭരണകക്ഷിയിലെ ഇടത് അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസം രണ്ട് കോൺഗ്രസ് അംഗങ്ങളുടെയും, എസ്.ഡി.പി.ഐയുടെയും പിൻതുണയോടെ പാസായി.
ഒൻപതാം വാർഡിൽ നിന്ന് സ്വതന്ത്ര അംഗമായി തിരഞ്ഞെടുക്കപ്പെട്ട അബി ശ്രീരാജാണ് വൈസ് പ്രസിഡന്റ്. യുവതിയുടെ പരാതിയിൽ അബി ശ്രീരാജിനെ പ്രതിയാക്കി കിളിമാനൂർ പോലീസ് ലൈംഗിക പീഡനത്തിന് കേസെടുത്തതോടെയാണ് ഭരണ കക്ഷി തന്നെ അവിശ്വസവുമായി രംഗത്തുവന്നത്.
ശനിയാഴ്ച രാവിലെ 11-ന് പഞ്ചായത്തോഫീസ് ഹാളിൽ നടന്ന ചർച്ചയിൽ കോൺഗ്രസിലെ നാല് അംഗങ്ങളും, ബി.ജെ.പിയിലെ രണ്ട് അംഗങ്ങളും വിട്ടുനിന്നു. കോൺഗ്രസ് അംഗങ്ങളായ 10-ാം വാർഡിൽ നിന്നുള്ള ആർ.സുരേഷ് കുമാർ (നന്ദു), 14-ാം വാർഡിൽ നിന്നുള്ള അംഗവും, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷയുമായ പി.ബി.അനശ്വരി എന്നിവരാണ് പ്രാദേശിക നേതൃത്വത്തെ വെട്ടിലാക്കിക്കൊണ്ട് ഇടതുപക്ഷത്തിൻറെ അവിശ്വാസപ്രമേയത്തെ പിൻതുണച്ചത്.
ഏക എസ്.ഡി.പി.ഐ അംഗവും പ്രമേയത്തെ അനുകൂലിച്ചു.
17 അംഗ ഭരണസമിതിയിൽ കോൺഗ്രസ് -6, സി.പി.എം- 5, സി.പി. ഐ – 2, ബി.ജെ.പി-2, എസ്.ഡി.പി.ഐ – 1, സ്വതന്ത്രൻ -1 എന്നിങ്ങനെയാണ്
കക്ഷിനില.
തിരഞ്ഞെടുപ്പിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതായതോടെ സ്വതന്ത്ര അംഗമായ അബിയ്ക്ക് വൈസ് പ്രസിഡന്റ് പദം വച്ചു നീട്ടിയാണ് ഇടതുപക്ഷം ഭരണം നേടിയത്. തുടക്കം മുതൽ പല വിഷയത്തിലും ഇടതുപക്ഷവും വൈസ് പ്രസിഡന്റും തമ്മിൽ ഭിന്നത നിലനിന്നിരുന്നു. അടുത്തിടെ അത് ശക്തമായി.
ഇതേ സമയമാണ് യുവതി, ജോലി വാഗ്ദാനം നൽകി വൈസ് പ്രസിഡന്റ് ശാരീരികമായി പീഡിപ്പിച്ചതായുള്ള പരാതിയുമായി രംഗത്തുവരുന്നത്. പട്ടികജാതി സംരക്ഷണ നിയമപ്രകാരം കിളിമാനൂർ പോലീസ് കേസെടുത്തതിനെ തുടർന്ന് മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചെങ്കിലും ജാമ്യം അനുവദിച്ചില്ലെന്നാണ് അറിയുന്നത്. തുടർന്ന് അബി ശ്രീരാജ് ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.
ഭരണം നേടാൻ സ്വതന്ത്രനുമായി ചേർന്ന് ഇടതുപക്ഷം അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കുകയായിരുന്നെന്നും, അതിനാൽ ഇടതുപക്ഷത്തിൻ്റെ അവിശ്വാസത്തെ പിൻതുണയ്ക്കുകയില്ലെന്നും വിശദീകരിച്ച് കോൺഗ്രസ് പാർലമെൻ്ററി പാർട്ടി നേതാവ് ലാലി ജയകുമാർ പത്രക്കുറിപ്പ് ഇറക്കിയിരുന്നു.
എന്നാൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അംഗങ്ങൾക്ക് വിപ്പ് നൽകിയിരുന്നില്ല. ബി.ജെ.പിയിലെ രണ്ട് അംഗങ്ങൾക്ക് പാർട്ടി വിപ്പ് നൽകിയിരുന്നു. നഗരൂർ പഞ്ചായത്തിൽ നഗരൂർ, വെള്ളല്ലൂർ എന്നിങ്ങനെ രണ്ട് മണ്ഡലം കമ്മിറ്റികളാണുള്ളത്. രണ്ട് മണ്ഡലം കമ്മിറ്റികളിലുമുള്ള ഓരോ അംഗങ്ങളാണ് പാർട്ടി നിർദേശം ലംഘിച്ച് വോട്ടെടുപ്പിൽ പങ്കെടുത്തത്.
എന്നാൽ തങ്ങൾക്ക് പാർട്ടി ഇതു സംബന്ധിച്ച് വിപ്പോ, ഉറച്ച നിർദ്ദേശങ്ങളോ നൽകിയിട്ടില്ലെന്ന് വോട്ടെടുപ്പിൽ പങ്കെടുത്ത അംഗങ്ങൾ പറഞ്ഞു. ആരോപണ വിധേയനായ വൈസ് പ്രസിഡന്റ് സ്ഥാനമൊഴിത്ത് അന്വേഷണം നേരിടമെന്നാണ് അഭിപ്രായം.
സ്ത്രീവിരുദ്ധ നിലപാടിനോട് യോജിക്കാൻ കഴിയാത്തതിനാലാണ് പ്രമേയത്തെ അനുകൂലിച്ചതെന്നും അംഗങ്ങൾ പറഞ്ഞു. സ്ത്രീ വിരുദ്ധ സമീപനത്തോട് യോജിക്കാൻ കഴിയാത്തതിനാലാണ് ഭരണപക്ഷത്തായിട്ടും വൈസ് പ്രസിഡൻറിനെതിരെ അവിശ്വാസം കൊണ്ടുവന്നതെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ഡി.സ്മിത പറഞ്ഞു.
സ്ത്രീവിരുദ്ധതയോട് സന്ധിചെയ്യുന്ന സമീപനമാണ് കോൺഗ്രസും, ബി.ജെ.പിയും അംഗങ്ങളെ വിലക്കിയതിലൂടെ കൈക്കൊണ്ടത്. എന്നാൽ സ്ത്രീപക്ഷ നിലപാടുയർത്തിപ്പിടിച്ച് അവിശ്വാസത്തെ പിൻതുണച്ച അംഗങ്ങളെ അഭിനന്ദിക്കുന്നതായും വോട്ടെടുപ്പിന് ശേഷം പഞ്ചായത്തിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളത്തിൽ പ്രസിഡൻ്റ് അറിയിച്ചു. പഞ്ചായത്തീരാജ് നിയമങ്ങൾ നിലവിൽ വന്നശേഷം നഗരൂരിലെ ആദ്യ അവിശ്വാസപ്രമേയമാണ് ശനിയാഴ്ച പാസായത്.