മക്കളെ അടുപ്പിലിട്ട് ചുട്ടുകൊന്ന അമ്മയ്ക്ക് ജീവപര്യന്തം തടവ് വിധിച്ച് US കോടതി.
യു.എസിലെ അറ്റ്‌ലാന്റ: ലാമോറ വില്യംസ് എന്ന ഇരുപത്തിനാലുകാരിയായ, മൂന്ന് കുട്ടികളുടെ അമ്മയ്ക്ക് ഇനിയുള്ള കാലം മുഴുവന്‍ ജയിലില്‍ കിടക്കാം. സ്വന്തം മക്കളെ അടുപ്പിലിട്ട് പൊള്ളിച്ച് കൊന്നതിന് ജീവപര്യന്തവും 35 വര്‍ഷം അധികശിക്ഷയുമാണ് യു.എസ്. കോടതി വിധിച്ചിരിക്കുന്നത്.
പരോള്‍ അനുവദിക്കില്ല. ഒന്നും രണ്ടും വയസ്സുള്ള രണ്ട് ആണ്‍മക്കളെയാണ് മോറ നിഷ്ഠൂരമായി കൊലപ്പെടുത്തിയത്. സംഭവശേഷം പോലീസിനെ വിളിച്ച് തെറ്റിദ്ധരിപ്പിച്ച് കുറ്റം മറച്ചുവയ്ക്കാന്‍ ശ്രമിക്കുകയും ചെയ്തു. അതേസമയം യുവതി കുറ്റം സമ്മതിക്കാന്‍ തയ്യാറായിട്ടില്ല.
2017 ഒക്ടോബറില്‍ നടന്ന സംഭവത്തിലാണ് ശിക്ഷാവിധി. പരിചാരകയ്‌ക്കൊപ്പം നിര്‍ത്തിപ്പോയ തന്റെ രണ്ട് മക്കള്‍ മരിച്ചെന്നാണ് 911 എന്ന എമര്‍ജന്‍സി നമ്പറിലേക്ക് മോറ വിളിച്ചറിയിച്ചത്. എന്നാല്‍ അന്വേഷണോദ്യോഗസ്ഥരും പ്രോസിക്യൂട്ടര്‍മാരും സംഭവം കൊലപാതകമാണെന്ന് തെളിയിച്ചു. രണ്ട് വയസ്സുള്ള കെ യുന്റെ, ഒരുവയസ്സുള്ള ജാ കാര്‍ട്ടര്‍ എന്നീ കുഞ്ഞുങ്ങളെയാണ് കൊലപ്പെടുത്തിയത്.
യുവതിയുടെ എമര്‍ജന്‍സി കോളോടെയാണ് കേസില്‍ അന്വേഷണം ആരംഭിച്ചത്. ‘ഞാന്‍ വീട്ടിലെത്തിയപ്പോള്‍ മക്കള്‍ രണ്ടുപേരും നിലത്ത് കിടക്കുന്ന നിലയിലാണ്. സ്റ്റൗ എന്റെ മൂത്ത മകന്റെ തലയില്‍ക്കിടക്കുന്നു. ഇളയമകന്റെ തലച്ചോറ് പുറത്തുവന്ന നിലയിലും. എനിക്ക് എന്തുചെയ്യണമെന്നറിയില്ല. ജോലികഴിഞ്ഞ് ഞാന്‍ ഇപ്പോള്‍ എത്തിയതേയുള്ളൂ. ഇതെന്റെ തെറ്റല്ല. ദയവുചെയ്ത് സഹായിക്കണം’ എന്നായിരുന്നു മോറ വിളിച്ചുപറഞ്ഞത്. സംഭവസമയത്തുതന്നെ കുട്ടികളുടെ പിതാവും 911 നമ്പറിലേക്ക് വിളിച്ച് മക്കള്‍ മരിച്ച കാര്യം പറഞ്ഞു. ഭാര്യ വീഡിയോ കോള്‍ ചെയ്തിരുന്നെന്നും അപ്പാര്‍ട്ട്‌മെന്റില്‍ രണ്ടുപേരും മരിച്ചുകിടക്കുന്നതായി ദൃശ്യങ്ങളില്‍ കണ്ടെന്നും അവര്‍ മരിച്ചുവെന്നാണ് കരുതുന്നതെന്നും ആണ് ഭര്‍ത്താവ് വിളിച്ചറിയിച്ചത്.
ഇതോടെ പോലീസെത്തി അന്വേഷിച്ചപ്പോള്‍ സംഭവം സത്യമാണെന്ന് ബോധ്യമായി. രണ്ടുമക്കളും വെന്തുമരിച്ചതായി കണ്ടെത്തി. പിന്നാലെ പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം പ്രാഥമിക കണ്ടെത്തലില്‍ കൊലപാതകമാണെന്നതിന്റെ തെളിവു ലഭിച്ചു.
തല അടുപ്പിനകത്തേക്ക് വെച്ചതിനെത്തുടര്‍ന്നാണ് മരണമെന്നായിരുന്നു കണ്ടെത്തല്‍. തലയില്‍ അനുഭവിച്ച താപത്തിന്റെ തോതും ദൈര്‍ഘ്യവും നിരീക്ഷിച്ചാണ് തല അടുപ്പിനകത്തേക്കുവെച്ചതാണെന്ന നിരീക്ഷണത്തിലെത്തിയത്. ഇതോടെ അറ്റ്‌ലാന്റ പോലീസ് മോറയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം മകള്‍ക്ക് മാനസികപ്രശ്‌നമുണ്ടെന്നാണ് മോറയുടെ അമ്മ പറയുന്നത്.