തിരുവനന്തപുരം കല്ലമ്പലത്ത് ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ഇരട്ട ജീവപര്യന്തം. മടവൂർ സീമന്തപുരം മയിലാടും പൊയ്കയിൽ വീട്ടിൽ ഭവാനി മകൾ 33 വയസ്സ് ഉണ്ടായിരുന്ന അമ്പിളിയെ പെട്രോൾ ഒഴിച്ച ശേഷം തീ കൊളുത്തി കൊലപ്പെടുത്തിയ കേസിൽ അമ്പിളിയുടെ ഭർത്താവ് നഗരൂർ വെള്ളല്ലൂർ ചരുവിള വീട്ടിൽ കുഞ്ഞുപ്പിള്ള മകൻ അട്ടപ്പൻ എന്ന് വിളിക്കുന്ന അജിയെയാണ് തിരുവനന്തപുരം അഡിഷണൽ സെഷൻ ജഡ്ജ് പ്രസൂൺ മോഹൻ ശിക്ഷിച്ചത്.
കല്ലമ്പലം പോലീസ് സ്റ്റേഷൻ പരിധിയിൽ 2017 ഫെബ്രുവരി മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.മാനസികവും ശാരീരികവുമായ പീഡനം മൂലം പ്രതിയുമായി അകന്നു കഴിയുകയും ഇയാൾക്കെതിരെ പോലീസിൽ പരാതി നൽകുകയും ചെയ്തതിന്റെ വൈരാഗ്യത്താൽ ആയിരുന്നു കൊലപാതകം നടത്തിയത്.
നിരന്തരമായ ഉപദ്രവം മൂലം പോലീസിൽ പരാതി നൽകിയശേഷം കൊല്ലപ്പെട്ട അമ്പിളി സുഹൃത്തായ നാവായിക്കുളം ഉദയഗിരി റോഡിലുള്ള ബീനയുടെ വീട്ടിൽ താമസിച്ച് വരവേ 2017 ഫെബ്രുവരി പത്താം തീയതി വെളുപ്പിനെ വീട്ടിൽ അതിക്രമിച്ചത്തിയ പ്രതി അമ്പിളിയെ കൂടെ ചെല്ലാൻ നിർബന്ധിക്കുകയും ഇത് നിരസിച്ചതിനെ തുടർന്ന് സമീപത്തെ വീട്ടിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിൽ നിന്നും പെട്രോൾ ഊറ്റി അമ്പിളിയുടെ ദേഹത്ത് ഒഴിക്കുകയും തീ കൊളുത്തുകയുമായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ അമ്പിളിയെ സുഹൃത്തും നാട്ടുകാരും ചേർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയിലിരിക്കെ ഫെബ്രുവരി പതിനഞ്ചാം തീയതി മരണപ്പെട്ടു.കല്ലമ്പലം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ കടയ്ക്കാവൂർ സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന ജിബി മുകേഷ് കുമാറാണ് അന്വേഷണം നടത്തിയത്.
ജീവപര്യന്തത്തോടൊപ്പം പിഴയായി 9 ലക്ഷം രൂപയും കോടതി വിധിച്ചു