യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ് മലയാള സിനിമയിലെ സർവ്വ റെക്കോർഡുകളും തകർത്തിരിക്കുകയാണ്. ഇപ്പോഴിതാ 200 കോടി കളക്ഷൻ നേടുന്ന ആദ്യ മലയാളം ചിത്രം എന്ന റെക്കോർഡും സ്വന്തമാക്കിയിരിക്കുകയാണ്. ഫെബ്രുവരി 22 ന് റിലീസ് ചെയ്ത സിനിമ 26 ദിവസങ്ങൾ കൊണ്ടാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.
24 ദിവസം കൊണ്ടാണ് ചിത്രം തമിഴ്‌നാട്ടിൽ നിന്ന് 50 കോടി രൂപ നേടിയത്. ആദ്യമായാണ് ഒരു മലയാള സിനിമ തമിഴ്‌നാട്ടിൽ നിന്ന് 50 കോടി നേടുന്നത്. റിലീസ് ചെയ്തു 23 ദിവസം പിന്നിട്ടപ്പോഴേക്കും സിനിമ കർണാടകയിൽ നിന്ന് 10 കോടി രൂപ കളക്ട് ചെയ്തിരുന്നു.
കർണാടകയിൽ നിന്ന് 10 കോടിയിലധികം രൂപ നേടുന്ന ആദ്യ മലയാളം സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ്. പറവ ഫിലിംസിന്റെ ബാനറിൽ സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ഗുണ കേവിന്‍റെ പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്.