ബ്രിക്‌സ് ഉച്ചകോടിക്കായി റഷ്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ച നടത്തുമെന്ന് വ്യക്തമാക്കി ഇന്ത്യന്‍ വിദേശകാര്യസെക്രട്ടറി വിക്രം മിസ്രി. അഞ്ചു വര്‍ഷത്തിനും ശേഷം ഇരുനേതാക്കളും തമ്മില്‍ നടക്കുന്ന ആദ്യ ഔദ്യോഗിക കൂടിക്കാഴ്ചയാണിത്. നാലര വര്‍ഷം നീണ്ട സംഘര്‍ഷത്തിനു ശേഷം യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ ഇന്ത്യയും ചൈനയും സേനാപിന്മാറ്റത്തിന് ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വന്ന പശ്ചാത്തലത്തില്‍ ഇരുവരുടെയും കൂടിക്കാഴ്ച നിര്‍ണായകമാണ്.
പാലക്കാട്ട് കല്ലടിക്കോട്ട് കാറും ലോറിയും കൂട്ടിയിടിച്ച് 5 പേര്‍ മരിച്ചു. പാലക്കാട് – കോഴിക്കോട് ദേശീയപാതയിലെ കല്ലടിക്കോട് അയ്യപ്പന്‍കാവിനു സമീപം ഇന്നലെ രാത്രി പതിനൊന്നിനായിരുന്നു അപകടം. പാലക്കാടു ഭാഗത്തു നിന്നെത്തിയ കാറും എതിരെ വന്ന ചരക്കു ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറില്‍ സഞ്ചരിച്ചിരുന്ന കോങ്ങാട് മണ്ണാന്തറ സ്വദേശികളായ വിജേഷ് കെ കെ, വിഷ്ണു ടി വി, രമേശ്, മണിക്കശ്ശേരി സ്വദേശി മുഹമ്മദ് അഫ്സല്‍ എന്നിവരാണ് മരിച്ചത്. ഒരാളെയും കൂടെ തിരിച്ചറിയാനുണ്ട്. ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന കാര്‍ പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്.കന്നിയങ്കത്തിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി. അമ്മ സോണിയ ഗാന്ധി, ഭര്‍ത്താവ് റോബര്‍ട് വദ്ര, മകന്‍ രെഹാനും പ്രിയങ്കയ്ക്ക് ഒപ്പമുണ്ട്. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും ഇന്ന് വയനാട്ടിലെത്തും. റോഡ് ഷോയോടെ പ്രചാരണം തുടങ്ങുന്ന പ്രിയങ്ക ഗാന്ധി റോഡ് ഷോക്ക് പിന്നാലെ പത്രിക സമര്‍പ്പിക്കും. കല്‍പറ്റയില്‍ നിന്ന് റോഡ് ഷോ ആരംഭിക്കുന്ന റോഡ് ഷോയില്‍ പ്രിയങ്കയും രാഹുലുമാണ് പങ്കെടുക്കുക. റോഡ് ഷോയ്ക്ക് ശേഷം നടക്കുന്ന പൊതുസമ്മേളനത്തില്‍ സോണിയ ഗാന്ധിയും മല്ലികാര്‍ജുന ഖാര്‍ഗെയും പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കും. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിയവരും സമ്മേളനത്തില്‍ പങ്കെടുക്കും.