കൊല്ലം: പോസ്‌റ്റോഫീസിന് ഉള്ളിൽകയറി സ്ത്രീയെ ആക്രമിക്കാൻ ശ്രമിച്ച ആളെ പോലീസ് പിടികൂടി. തൊടിയൂർ, വേങ്ങറ, കാരക്കാവിളയിൽ കൊച്ചുകുഞ്ഞ് മകൻ വിനോദ്(45) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്.
ഇയാളുടെ ഭാര്യയുടെ പേരിലുണ്ടായിരുന്ന അഞ്ചര സെന്റ് സ്ഥലം തൊടിയൂർ സ്വദേശിനിയായ ഗിരിജ എന്ന സ്ത്രീ പണം കൊടുത്ത് വാങ്ങിയിരുന്നു. എന്നാൽ ഇത് വ്യാജരേഖ ഉണ്ടാക്കി തട്ടിയെടുത്തതാണെന്ന് ആരോപിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ഉച്ചയോടെ തൊടിയൂർ പോസ്റ്റ് ഓഫീസിൽ എത്തിയ ഗിരിജയെ ഇയാൾ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. പ്രാണരക്ഷയ്ക്കായി പോസ്റ്റ് ഓഫീസിന് ഉള്ളിലേക്ക് ഓടിക്കയറിയ ഗിരിജയെ ഇയാൾ വെട്ടി പരിക്കേൽപ്പിക്കാൻ ശ്രമിച്ചെങ്കിലും പോസ്റ്റ് മാസ്റ്ററും മറ്റും ചേർന്ന് ഇയാളെ തടയുകയായിരുന്നു. സ്ത്രീയെ ചീത്തവിളിച്ചുകൊണ്ട് ആക്രമിച്ചതിനും പോസ്റ്റ് ഓഫീസ് ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തിയതിനും മറ്റും കരുനാഗപ്പള്ളി പോലീസ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യ്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.
കരുനാഗപ്പള്ളി ഇൻസ്‌പെക്ടർ മോഹിത്തിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ഷമീർ, ഷിജു, ഷാജിമോൻ, എസ്.സിപിഓ മാരായ ഹാഷിം, രാജീവ്, സി.പി.ഓ സരൺ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.