കൊല്ലം കണ്ണനല്ലൂര്‍ എസ്.എ കാഷ്യൂ ഫാക്ടറിയില്‍ ബംഗാള്‍ സ്വദേശിയായ അല്‍ത്താഫ് മിയ എന്ന പേരില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് ജോലി ചെയ്തുവന്ന ബംഗ്ലാദേശ് ദുര്‍ഗാപൂര്‍ നിവാസിയായ നൂര്‍ മുഹമ്മദ് മകന്‍ അബു കലാമിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസില്‍ പശ്ചിമബംഗാള്‍ സ്വദേശികളായ അന്‍വര്‍ ഇസ്ലാം, ബികാസ് സെന്‍ എന്നിവരെ ജീവപര്യന്തം കഠിനതടവ്. ജീവപര്യന്തം തടവിനു പുറമേ 50000 രൂപ പിഴയും, കൂടാതെ തെളിവ് നശിപ്പിച്ചതിന് 5 വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും, പണം കൊള്ളയടിച്ചതിന് 5 വര്‍ഷം കഠിനതടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷം കൂടി കഠിനതടവ് അനുഭവിക്കണം കൊല്ലം ഫോര്‍ത്ത് അഡീഷണല്‍ സെഷന്‍സ് കോര്‍ട്ട് ജഡ്ജ്.സി.എം.സീമ ആണ് ശിക്ഷ വിധിച്ചത്.
അബൂകലാം അവധി ദിവസങ്ങളില്‍ സ്ഥിരമായി പ്രതികള്‍ ജോലി ചെയ്തുവന്ന മുട്ടക്കാവിലെ കട്ട കമ്പനിയില്‍ ചീട്ടുകളിക്കാന്‍ എത്തുമായിരുന്നു. ചീട്ടുകളിയിലൂടെയും ജോലിചെയ്തും അബൂകലാം സമ്പാദിക്കുന്ന മുഴുവന്‍ പൈസയും തന്റെ അടിവസ്ത്രത്തിലായിരുന്നു സൂക്ഷിച്ചിരുന്നത്. ഇത് മനസ്സിലാക്കിയ പ്രതികള്‍ പണം തട്ടിയെടുക്കുന്നതിനായി അബൂകലാമിനെ കൊലപ്പെടുത്താന്‍ പദ്ധതിയിടുകയായിരുന്നു.
17.12.2023 തീയതി ചീട്ടു കളിച്ചുകൊണ്ടിരുന്ന അബു കലാമിനെ രാത്രി പത്തുമണിയോടുകൂടി കൂടുതല്‍ പൈസ വെച്ച് ചീട്ട് കളിക്കുന്ന ഒരു സ്ഥലത്ത് കൊണ്ടുപോകാമെന്ന് പറഞ്ഞു പ്രതികള്‍ അബൂ കലാമിനെ കട്ട കമ്പനിക്ക് പിറകുവശത്തുള്ള കുണ്ടുമണ്‍ ആറിന് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്ത് എത്തിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതികള്‍ ചേര്‍ന്ന് അബു കലാമിനെ മാരകമായി ഉപദ്രവിച്ചതില്‍ വച്ച് അബു കലാമിന്റെ മൂന്ന് വാരിഎല്ലുകള്‍ ഒടിയുകയും അതിനുശേഷം ഒന്നാംപ്രതി അന്‍വര്‍ ഇസ്ലാം തന്റെ കയ്യില്‍ കരുതിയിരുന്ന ഷേവിംഗ് ബ്ലേഡ് കൊണ്ട് ബികാസ് സെന്നിന്റെ സഹായത്തോടെ അബു കലാമിനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയും ആയിരുന്നു
. ശേഷം അബൂകലാമിന്റെ അടിവസ്ത്രത്തില്‍ സൂക്ഷിച്ചു വച്ചിരുന്ന മുഴുവന്‍ തുകയും അപഹരിച്ചെടുത്തശേഷം കുണ്ടുമണ്‍ ആറിന് സമീപമുള്ള ചെളി നിറഞ്ഞ പ്രദേശത്ത് കുഴിച്ചുമൂടുകയായിരുന്നു.
തുടര്‍ന്ന് കൊല നടന്ന സ്ഥലത്തെത്തി രക്തക്കറയും മറ്റും കഴുകി മാറ്റി തെളിവ് നശിപ്പിച്ച ശേഷം സംസ്ഥാനം വിട്ടു പോകാന്‍ ശ്രമിക്കുന്നതിനിടയില്‍ കണ്ണനല്ലൂര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടറുടെ ചാര്‍ജ് ഉണ്ടായിരുന്ന കൊട്ടിയം പോലീസ് ഇന്‍സ്പെക്ടര്‍ പി.വിനോദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ പിടിയിലാവുകയായിരുന്നു.
അല്‍ത്താഫ് മിയായെ കാണാനില്ല എന്ന എസ് എ കാഷ്യൂ കമ്പനി മാനേജറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മാന്‍ മിസ്സിങ്ങിന് കേസ് രജിസ്റ്റര്‍ ചെയ്യ്ത ശേഷം കണ്ണനല്ലൂര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം ആണെന്ന് തെളിഞ്ഞത്. അന്വേഷണത്തിന്റെ ഭാഗമായി കൊല്ലപ്പെട്ട അബു കലാം എസ്.എ ക്യാഷ്യു കമ്പനിയില്‍ നല്‍കിയിരുന്ന തിരിച്ചറിയല്‍ കാര്‍ഡിലെ വിലാസം അന്വേഷിച്ച് പശ്ചിമബംഗാളില്‍ എത്തിയ കണ്ണനല്ലൂര്‍ പോലീസ് സ്റ്റേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിലെ മേല്‍വിലാസക്കാരനായ അല്‍ത്താഫ് മിയ എന്നയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലചെയ്യപ്പെട്ടയാള്‍ ബംഗ്ലാദേശ് സ്വദേശിയായ അബു കലാം ആണെന്നും ടിയാന്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് കൊല്ലത്ത് ജോലിക്കായി വന്നതാണെന്നും ബോധ്യമായത് .
കണ്ണനല്ലൂര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍മാരായിരുന്ന വി.ജയകുമാര്‍, പി.ബി.വിനോദ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്, ചാത്തന്നൂര്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ആയിരുന്ന ബി.ഗോപകുമാര്‍ ആയിരുന്നു അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചത്. കേസിന്റെ വിചാരണ വേളയില്‍ 44 സാക്ഷികളെ വിസ്തരിക്കുകയും 74 രേഖകളും 17 തൊണ്ടി മുതലുകളും തെളിവിലേക്കായി സ്വീകരിക്കുകയും ചെയ്തിട്ടുള്ളതാണ് . പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എ.നിയാസ് കോടതിയില്‍ ഹാജരായി പ്രോസിക്യൂഷന്‍ സഹായിയായി ഉണ്ടായിരുന്നത് എ.എസ്.ഐ സാജു ആയിരുന്നു.