തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ എന്ന വ്യാജേന സ്കൂൾ പ്രഥമ അധ്യാപകനിൽ നിന്നും പണം തട്ടാൻ ശ്രമിച്ച നാലുപേർ വിജിലൻസിന്റെ പിടിയിലായി. എറണാകുളം പിറവം സെന്റ് ജോൺസ് സ്കൂളിലെ പ്രിൻസിപ്പാൾ നൽകിയ പരാതിയിലാണ് സ്കൂൾ പിടിഎ പ്രസിഡണ്ട് ഉൾപ്പെടുന്ന നാലംഗ സംഘം പിടിയിലായത്.സ്കൂളിലെ പിടിഎ പ്രസിഡന്റ് പ്രസാദ് മുൻ പിടിഎ പ്രസിഡന്റ് ബിജു, രാകേഷ് റോഷൻ, അലോഷ്യസ് ജോസ് എന്നിവരെയാണ് വെഞ്ഞാറമൂട്ടിലെ ഇന്ത്യൻ കോഫീ ഹൗസിന് സമീപത്ത് നിന്നും വിജിലൻസ് തന്ത്ര പുർവ്വം പിടികൂടിയത്.
സ്കൂളിലെ ഫണ്ട് തിരുമറി നടന്നതായി കാണിച്ച് സ്കൂൾ പ്രഥമാദ്ധ്യാപകനെതിരെ വ്യാജ പരാതി നൽകുകയും പിന്നീട് ഈ അധ്യാപകനെ സമീപിച്ച് പരാതി ഒതുക്കി തീർക്കണമെന്നും ഇല്ലെങ്കിൽ പെൻഷൻ ഉൾപ്പെടെയുള്ളവയെ ബാധിക്കുമെന്നും കാണിച്ച് 15 ലക്ഷം രൂപ ഉദ്യോഗസ്ഥന് നൽകാൻ എന്ന പേരിൽ ആവശ്യപ്പെടുകയായിരുന്നു. ഇത്തരത്തിൽ തുക വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥന് കൈമാറാൻ എന്ന തരത്തിലാണ് സംഘം അധ്യാപകനെ വെഞ്ഞാറമൂട്ടിലെ ഇന്ത്യൻ കോഫി ഹൗസിൽ എത്തിച്ചത്.
കോഫി ഹൗസിൽ വച്ച് സംഘത്തിലെ ഒരാൾ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥൻ എന്ന് ധരിപ്പിച്ച് രണ്ട് ലക്ഷം രൂപ കൈപ്പറ്റിയതോടെയാണ് വിജിലൻസ് ഇവരെ പിടികൂടിയത്. എറണാകുളം വിജിലൻസ് റേഞ്ച് എസ്പി ശശിധരൻ ഐപിഎസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു നടപടി. വിജിലൻസ് ഡിവൈഎസ്പി മാരായ സുനിൽകുമാർ, തോമസ് എന്നിവരുടെ നേതൃത്വത്തിൽ
എസ് ഐ മാരായ ദിലീപ്, ഗിരീഷ് കുമാർ, സുകുമാരൻ, ഷാജഹാൻ, രാജേഷ്, രാധാകൃഷ്ണൻ, ജയേഷ് തുടങ്ങിയവർ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.