വിവാഹ വേഷത്തിൽ പരീക്ഷ എഴുതാൻ എത്തിയ വിദ്യാർത്ഥിനിക്ക് മംഗളാശംസകൾ നേർന്ന് സഹപാഠികൾ.വർക്കല സി എച്ച് എം എം കോളേജിലെ രണ്ടാം സെമസ്റ്റർ വിദ്യാർത്ഥിനിയായ സുൽത്താന എഫ് നജീബ് ആണ് വിവാഹ വേഷത്തിൽ പരീക്ഷ എഴുതിയത്. സുൽത്താനയുടെ രണ്ടാം സെമസ്റ്റർ പരീക്ഷ നടക്കേണ്ടിയിരുന്നത് ഇക്കഴിഞ്ഞ പതിനാലാം തീയതി ആയിരുന്നു.
കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരീക്ഷ തീയതി 24 ലേക്ക് മാറ്റുകയായിരുന്നു. ഇതേ ദിവസം ആണ് സുൽത്താനയുടെ വിവാഹവും നിശ്ചയിച്ചിരുന്നത്. വിവാഹ വേഷത്തിൽ കോളേജിൽ എത്തി പരീക്ഷ എഴുതിയശേഷം വർക്കല ഇടവ യിലുള്ള വിവാഹ ചടങ്ങുകൾ നടക്കുന്ന ഓഡിറ്റോറിയത്തിലേക്ക് സുൽത്താന ബന്ധുക്കളോടൊപ്പം മടങ്ങി.
പരീക്ഷ എഴുതി മണിക്കൂറുകൾക്കകം തന്നെ വർക്കല സ്വദേശിയായ മുഹമ്മദ് ഷാ സുൽത്താനയുടെ കഴുത്തിൽ താലി ചാർത്തി.