വിനോദസഞ്ചാര മേഖലയിൽ വാഹന പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്
- തിരുവനന്തപുരം വർക്കലയിലെ വിവിധ സ്കൂളുകളുടെയും കോളേജുകളുടെയും സമീപത്തും വിനോദസഞ്ചാര മേഖലയിലും കഴിഞ്ഞദിവസം മോട്ടോർ വെഹിക്കിൾസ് ഡിപ്പാർട്ട്മെന്റ് നടത്തിയ പരിശോധനയിൽ ഗതാഗത നിയമലംഘകർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചു.
ലൈസൻസ് ഇല്ലാതെ വാഹനമോടിച്ച മൂന്നു പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. രജിസ്ട്രേഷൻ നമ്പർ പ്രദർശിപ്പിക്കാതെ രൂപമാറ്റം വരുത്തി ഓടിച്ചിരുന്ന രണ്ട് ഇരുചക്രവാഹനങ്ങൾ പിടിച്ചെടുത്ത് വർക്കല പോലീസിന് കൈമാറി. കൂടാതെ ഇൻഷുറൻസ് ഇല്ലാതെ വാഹനമോടിക്കൽ, ഹെൽമറ്റ് ധരിക്കാതിരിക്കുക തുടങ്ങി വിവിധ നിയമലംഘനങ്ങൾ ഉൾപ്പെടെ ആകെ 20 കേസുകൾ രേഖപ്പെടുത്തി. പരിശോധനയിൽ നിന്ന് 53,000 രൂപ പിഴയായി ഈടാക്കി.
നിയമലംഘനങ്ങൾക്ക് ഒരിക്കലും ഇളവ് അനുവദിക്കില്ല. വാഹനങ്ങൾ ആവശ്യമായ രേഖകളോടെ സുരക്ഷിതമായി മാത്രമേ റോഡിൽ ഇറങ്ങാവൂ എന്നും വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചു. വർക്കല സബ് ആർ.ടി.ഒ മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ സാബു .എയുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർമാരായ ധനീഷ് കുമാർ, പി.സിജു എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.