മുൻവിരോധം നിമിത്തം യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിലായി. കുരീപ്പുഴ മണലിൽ നഗർ ചിഞ്ചേരി വയലിൽ സുനിൽകുമാർ മകൻ ഉണ്ണിക്കുട്ടൻ(24), കുരീപ്പുഴ മഠത്തിൽ വീട്ടിൽ ജയചന്ദ്രൻ മകൻ സച്ചു എന്ന് വിളിക്കുന്ന സുദിൻ ചന്ദ്രൻ(23) എന്നിവരാണ് കൊല്ലം വെസ്റ്റ് പോലീസിന്റെ പിടിയിലായത്.കുരീപ്പുഴ സ്വദേശി ഷിബുവിനെയാണ് ഇവർ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. മുൻവിരോധം നിമിത്തം ബുധനാഴ്ച രാത്രി 9 മണിയോടെ കുരീപ്പുഴ ആനയെഴുത്ത് മുക്കിൽ വച്ച് പ്രതികൾ ഷിബുവിനെ കമ്പി വടിയും മറ്റും ഉപയോഗിച്ച് ക്രൂരമായി ആക്രമിക്കുകയായിരുന്നു.ആക്രമണത്തിൽ പരിക്കുപറ്റി മുൻനിരയിലെ പല്ല് ഇളകിപ്പോയ ഷിബു ചികിത്സയിലാണ്. ഇയാളുടെ പരാതി പ്രകാരം കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ പിടികൂടുകയായിരുന്നു.കൊല്ലം വെസ്റ്റ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഫയാസിന്റെ നേതൃത്വത്തിൽ എസ്.ഐ സുരേഷ് സി.പി.ഒ മാരായ സലിം, വിനോദ്, അനിൽ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.