തിരുവനന്തപുരം കല്ലമ്പലം നാവായിക്കുളം സ്കൂൾ പരിസരത്ത് പ്രായപൂർത്തിയാക്കാത്ത പെൺകുട്ടികളെയും വിദ്യാർത്ഥിനികളെയും നിരന്തരം പിന്തുടർന്ന് ശല്യപ്പെടുത്തുന്ന പൂവാല സംഘത്തിലെ രണ്ടുപേരെ കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തു.
നൈനാംകോണം സ്വദേശികളായ അജിത്ത് എന്ന് വിളിക്കുന്ന കിച്ചു സുൽത്താൻ എന്നിവരെയാണ് കഴിഞ്ഞദിവസം അഞ്ചുമണിയോടെ എതുക്കാട് പ്രദേശത്തു നിന്നും പോലീസ് പിടികൂടിയത്. ഇവർക്കൊപ്പം പ്രായപൂർത്തിയാക്കാത്ത മറ്റൊരാളെ കൂടി പോലീസ് പിടികൂടിയെങ്കിലും രക്ഷകർത്താക്കൾക്കൊപ്പം വിട്ടയച്ചു.ഇയാൾക്കെതിരെ ജുവനൈൽ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
കഴിഞ്ഞ അഞ്ചുമാസമായി നാവായികുളത്തും പരിസരപ്രദേശങ്ങളിലും സ്കൂൾ സമയങ്ങളിൽ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും പെൺകുട്ടികൾക്ക് നേരെ അതിക്രമങ്ങളും നടത്തിവരികയായിരുന്നു പ്രതികൾ. പെൺകുട്ടികളെ പിന്തുടർന്ന് പ്രണയാഭ്യർത്ഥന നടത്തുകയും എതിർക്കുന്ന പെൺകുട്ടികളെ ഭീഷണിപ്പെടുത്തുകയുമായിരുന്നു പ്രതികൾ.
പെൺകുട്ടികൾ സ്കൂളിൽ പോകുന്നതിന് മടി കാണിച്ചതോടെ രക്ഷകർത്താക്കൾ ഇവരെ സ്കൂളിലെത്തിച്ച് തിരികെ വിളിച്ചുകൊണ്ടുപോകുന്ന സാഹചര്യത്തിലേക്ക് എത്തുകയും മദ്യത്തിനും മയക്കുമരുന്നിനും അടിമയായ പ്രതികൾക്കെതിരെ പരാതി നൽകുവാൻ പല രക്ഷകർത്താക്കളും മടിക്കുകയും , പ്രതികളുടെ ശല്യം രൂക്ഷമായതോടെ പോലീസിനെ വിവരം അറിയിക്കുകയും ആയിരുന്നു
സ്കൂൾ സമയങ്ങളിൽ ഇരുചക്ര വാഹനങ്ങളിൽ അമിതവേഗതയിൽ കാതടപ്പിക്കുന്ന ശബ്ദത്തോടെ പ്രതികളുടെ അഭ്യാസപ്രകടനങ്ങളും, പെൺകുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങളും പതിവായതോടെ കല്ലമ്പലം സബ് ഇൻസ്പെക്ടർ എം സഹലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികളെ പിടികൂടുന്നത്.