കടലിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ് വൺ വിദ്യാർഥിയെ കാണാതായി. വർക്കല ആലിയിറക്കം എണിക്കൽ ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ ചെറുന്നിയൂർ അമ്പിളി ചന്തയ്ക്ക് സമീപം ശിവശക്തിയിൽ സുനിലിന്റെ മകൻ അശ്വിനെ (18) യാണ് കടലിൽ കാണാതായത്. ഇന്ന് വൈകുന്നേരം ആറുമണിയോടെയാണ് സംഭവം നടന്നത്
സുഹൃത്തുക്കൾക്കൊപ്പം കുളിച്ചു കൊണ്ടിരിക്കുകയായിരുന്ന അശ്വിനെ പെട്ടെന്ന് കാണാതാവുകയായിരുന്നു.ശക്തമായ അടിയൊഴുക്കുള്ള ഭാഗത്താണ് ഇവർ കുളിക്കാൻ ഇറങ്ങിയത് എന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.വിവരമറിഞ്ഞെത്തിയ അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ് വൈകുന്നേരം ആറര മണി മുതൽ തുടങ്ങിയ തിരച്ചിൽ തുടരുകയാണ്.
ശക്തമായ തിരമാലകൾ ഉയർന്ന് കടലാക്രമണം വരെ ഉണ്ടായേക്കാവുന്ന കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ് ഉള്ളതിനാൽ വർക്കല ബീച്ചിൽ എത്തിയ വിനോദസഞ്ചാരികളെ ലൈഫ് ഗാർഡും കോസ്റ്റൽ പോലീസും കടലിലേക്ക് ഇറക്കിയിരുന്നില്ല.ഒറ്റൂർ പേരേറ്റ് ബിപിഎം സ്കൂളിൽ പ്ലസ് ടു പരീക്ഷയെഴുതി ഫലത്തിനായി കാത്തിരിക്കുകയായിരുന്നു അശ്വിൻ .