കോഴിക്കോട് താമരശേരി കട്ടിപ്പാറ കരിഞ്ചോലയിൽ നിന്നും കാണാതായ വിദ്യാർഥിനിയെയും സുഹൃത്തായ യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. താമരശേരി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിനിയായ കരിഞ്ചോല പെരിങ്ങോട് ബിജുവിന്റെ മകൾ ദേവനന്ദയേയും എകരൂൽ സ്വദേശിയായ വിഷ്ണുവിനെയുമാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ മുതലാണ് വിദ്യാർഥിനിയായ ദേവനന്ദയെ കാണാതായത്. വിദ്യാർഥിനിയെ കാണതായ ദിവസം എകരൂൽ സ്വദേശിയായ യുവാവിനെയും കാണാതാകുകയായിരുന്നു.
ബാലുശ്ശേരി കണ്ണാടിപ്പൊയിൽ കാപ്പിക്കുന്നിലെ ആൾ താമസമില്ലാത്ത വീട്ടിലാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.
മകൾ ദേവനന്ദയേ കാണാതായതിനെത്തുടർന്ന് പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. പരിസരത്ത് ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല.അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ