കൊല്ലം:പ്രധാനമന്ത്രിയുടെ സ്വയംതൊഴിൽ ലോൺ സംഘടിപ്പിച്ച നൽകാമെന്ന് പറഞ്ഞ് പലരിൽ നിന്നും പണം തട്ടിയെടുത്ത സംഘത്തിലെ പ്രധാന പ്രതികൾ പിടിയിൽ.കൊല്ലം ഏരൂർ ചില്ലിംഗ് പ്ലാൻറ് സമീപം വിപിൻ സദനത്തിൽ വിപിൻകുമാർ, ഭാരതീപുരം തിങ്കൾക്കരിക്കകം പതിനൊന്നാം മൈൽ സ്വദേശിനി സുമിത എന്നിവരെയാണ് കുളത്തൂപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.
ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള നിരവധി ആൾക്കാരാണ് പ്രതികളുടെ തട്ടിപ്പിന് ഇരയായത്.തട്ടിപ്പിന് ഇരയായവർ കുളത്തുപ്പുഴ പോലീസിൽ പരാതി നൽകുകയും പ്രതികളുടെ വീടിന് മുന്നിൽ നിരാഹാര സമരം നടത്തി വരികയും ആയിരുന്നു.സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികളെക്കുറിച്ച് വിവരം ലഭിച്ച കുളത്തൂപ്പുഴ പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് രണ്ടു പേരെ ചിതറ പോലീസ് മാസങ്ങൾക്ക് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.