രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് മുംബൈയില്‍ സമാപനം. ശനിയാഴ്ച വൈകീട്ട് ദാദറിലെ ഡോ. ബി.ആര്‍. അംബേദ്കറുടെ സ്മാരകമായ ചൈത്യഭൂമിയില്‍ രാത്രി എട്ടോടെയാണ് യാത്ര സമാപിച്ചത്. ധാരാവിയിലെ സ്വീകരണത്തിനുശേഷം പ്രിയങ്കാഗാന്ധിയും ജാഥയുടെ ഭാഗമായി. രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവര്‍ ചൈത്യഭൂമിയിലെത്തി പ്രണാമമര്‍പ്പിച്ചു. അതേസമയം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേക്കാണ് ഇനി രാഹുലിന്റെ നേതൃത്വത്തിൽ റാലികൾ നടക്കുന്നത്. ഇനി നടക്കുന്നത് ഇന്ത്യ റാലി ആണ്. ഇന്ന് മുംബൈയിലെ ശിവാജി പാര്‍ക്കില്‍ പൊതുസമ്മേളനം നടക്കും. പ്രതിപക്ഷ നേതൃനിരയുടെ ശക്തിപ്രകടനമായി ഈ സമ്മേളനം മാറും.
ഉദ്ധവ് താക്കറെ, ശരദ്പവാര്‍ എന്നിവര്‍ക്ക് പുറമേ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, ആര്‍.ജെ.ഡി. നേതാവ് തേജസ്വി യാദവ്, സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് എന്നിവരും പങ്കെടുക്കും. ഇവര്‍ക്ക് പുറമെ, ഡല്‍ഹി ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജ്, സി.പി.ഐ.യുടെ ദീപാങ്കര്‍ ഭട്ടാചാര്യ, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ള, എ.ഐ.സി.സി. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരും പങ്കെടുക്കും