കൊല്ലത്ത് കോളേജ് വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു. ഇന്ന് രാത്രി 8 മണിയോടുകൂടി കൊല്ലം ഉളിയകോവിലിലാണ് കൊലപാതകം നടന്നത്. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിലെ വിദ്യാർത്ഥി ഫെബിൻ ജോർജ് (20) ആണ് കൊല്ലപ്പെട്ടത്. പർദ്ദ ധരിച്ചെത്തിയ അക്രമി വീട്ടിൽ നിന്നും വിളിച്ചിറക്കി ഫെബിൻ ജോർജിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. തടയാൻ ശ്രമിച്ച ഫെബിൻ ജോർജിന്റെ പിതാവിനും കുത്തേറ്റു.
കൊലപാതകത്തിനു ശേഷം അക്രമി കടപ്പാക്കട പാലത്തിനു സമീപത്ത് ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി. ചവറ സ്വദേശി തേജസ് രാജ് ആണ് കൊലപാതകം നടത്തിയ ശേഷം ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തത് എന്നാണ് പോലീസ് പറയുന്നത്. തേജസ് രാജ് എത്തിയ കാർ കടപ്പാക്കടയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കാറിനുള്ളിൽ രക്തക്കറ. പ്രണയ നൈരാശ്യം ആണ് കൊലപാതകത്തിലേക്കും ആത്മഹത്യത്തിലേക്കും നയിച്ചത് എന്നാണ് പ്രാഥമിക വിവരം ലഭിക്കുന്നത്.